കേളകം: വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് നടത്തിയ ആഴ്ചക്കുറി, ചിട്ടി, നിക്ഷേപ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവർ ഫെബ്രുവരി 7 ബുധനാഴ്ച ഏകോപന സമിതിയുടെ കണ്ണൂർ ജില്ലാ കമ്മറ്റി ഓഫീസിൽ സമരം നടത്തുമെന്ന് സമരസമിതി ഭാരവാഹിയായ കെ.പി.ജോളി, കൊച്ചിൻ രാജൻ, നോവ ജോൺസൺ, സൂരജ് കണ്ണാലയിൽ, ഇ.ഐ. മേരി, എൻ.കെ.നൗഫൽ എന്നിവർ പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു.
2.5 കോടിയിൽ അധികം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും മൂവായിരത്തിൽ അധികം പേർക്ക് പണം ലഭിക്കാനുണ്ടെന്നും സമരസമിതി ഭാരവാഹികൾ പറഞ്ഞു. നിക്ഷേപതുക വകമാറ്റി ചിലവ് ചെയ്ത് സംഘടനാ നേതാക്കൾ സ്വകാര്യ ഇടപാടുകൾ നടത്തി. ഭാരവാഹികളിൽ പലരും ആഴ്ചക്കറിയുടെ ഗ്യാരൻ്റിയായി കിട്ടിയ ഭൂമി കൈവശപ്പെടുത്തുകയും ചെയ്തു.
2019 ൽ പൂർത്തിയായ ഇടപാടുകളുടെ തുക പോലും നിക്ഷേപകർക്ക് തിരികെ നൽകിയില്ല. ശാരീരിക വെല്ലുവിളി നേരിടുന്നവർ, ചെറുകിട ഇടത്തരം ഗ്രാമീണ വ്യാപാരികൾ, കർഷകർ, കർഷക തൊഴിലാളികൾ എന്നിവർക്കെല്ലാം പണം ലഭിക്കാനുണ്ട്. സാമ്പത്തിക ഇടപാടിൽ കൃത്യത പാലിക്കുമെന്ന് വാഗ്ദാനം ചെയ്തും പണം നഷ്ടപ്പെടില്ല എന്ന് ഉറപ്പുള്ള വ്യാപാര സംഘടനയാണ് എന്ന ലേബൽ ഉപയോഗിച്ചുമാണ് വൻ തട്ടിപ്പ് നടത്തിയത്.
കേരളം മുഴുവൻ വ്യാപിച്ച വ്യാപാര സംഘടന എന്ന നിലയിൽ ആണ് പലരും ഭാരവാഹികളുടെ വാക്ക് വിശ്വസിച്ച് നിക്ഷേപം നടത്തിയത്. എന്നാൽ പണം തിരിച്ചുനൽകാൻ സംഘടന തയാറാകുന്നില്ല. ഓൺലൈൻ തട്ടിപ്പുകൾക്കിടയിൽ ഓഫ് ലൈൻ തട്ടിപ്പാണ് ഏകോപന സമിതി നടത്തിയത്. ഈടായി വാങ്ങിയ ഭൂമി ഭാരവാഹികൾ തങ്ങളുടെ പേരിൽ കൈവശപ്പെടുത്തുകയായി രുന്നു. ഈ ഭൂമി വിറ്റോ, ഓഫീസ് കെട്ടിടം വിറ്റോ പണം നൽകാമെന്ന് പറഞ്ഞിരുന്നു എങ്കിലും അതും നടപ്പിലായില്ല.
ജില്ലാ പ്രസിഡൻ്റിനെയും സംസ്ഥാന പ്രസിഡൻ്റിനെയും സമീപിച്ചുവെങ്കിലും നടപടി ഉണ്ടായിട്ടില്ല. കേളകം പൊലീസിൽ നാൽപതിലധികം പരാതികൾ നിലവിലുണ്ട്. കുറേ സമരം ചെയ്ത് മടുക്കുമ്പോൾ മറ്റ് തട്ടിപ്പ് സംഭവങ്ങളിലെ നിക്ഷേപകർ പണം ഉപേക്ഷിക്കുന്നത് പോലെ ഇവിടെയും നിക്ഷേപകർ മടുത്തു ഉപേക്ഷിച്ചു പോകുമെന്ന ധാരണയിലാണ് സംഘടനയുടെ ഇപ്പോൾ ഉള്ള ഭാരവാഹികളുടെ പെരുമാറ്റം. സംഘടനയുടെ പേരിലുള്ള ഇടപാടുകൾ സ്വകാര്യമായി സ്വന്തമാക്കിയ ഭാരവാഹികളുടെ കൈവശമുള്ള ഭൂസ്വത്തും കെട്ടിടങ്ങളും വിലയ്ക്ക് വാങ്ങാൻ തയാറാണ് എന്ന് അറിയിച്ച് എത്തുന്നവരെ തന്ത്രപൂർവ്വം മടക്കി വിടുകയാണ് ചെയ്യുന്നത്.
പ്രശ്‌ന പരിഹാരത്തിന് നടപടി സ്വീകരിക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന, ജില്ലാ നേതൃത്വങ്ങളും മേഖല, യൂണിറ്റ് ഭാരവാഹികളും തയാറാകാത്ത സാഹചര്യത്തിലാണ് ബുധനാഴ്ച കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫിസിന് മുന്നിൽ സമരം ആരംഭിക്കുന്നതെന്നും ഈ വൻ തട്ടിപ്പിനെ കുറിച്ച് സർക്കാർ അന്വേഷണ ഏജൻസികൾ അന്വേഷണം നടത്തണമെന്നും ഭാരവാഹികൾ പറഞ്ഞു.
Accused of fraud of crores; The investors will stage a strike in front of the District Office of the Traders and Traders Coordination Committee on Wednesday